Thursday, March 6, 2014

ഏകാന്തത

എന്റെ ഏകാന്തത എനിക്കു പ്രിയപ്പെട്ടത് .
എനിക്ക്  കൂട്ടായ്  ഞാനും എന്റെ ചിന്തകളും...
ഏകാന്ത മടുപ്പിക്കുമായിരിക്കും; പക്ഷെ 
എന്റെ ഏകാന്തത എനിക്ക് രസകരം.

ഇഷ്ടപ്പെട്ടതൊക്കെ ചെയ്യാൻ, മനസ്സു 
പറയുന്നത് കേള്ക്കാൻ, സ്വപ്‌നങ്ങൾ 
കാണാൻ , പുസ്തകം വായിക്കാൻ...
ഒക്കെ എനിക്കെന്റെ ഏകാന്തത വേണം.

എന്റെ മാത്രം സ്വന്തം സമയം,
എനിക്കായ്  ഞാൻ ആഗ്രഹിക്കുന്ന 
സമയം; ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ് 
ഒറ്റക്ക്  നീലാകാശവും നിലാവും , 
കുളിർകാറ്റും, നക്ഷത്രങ്ങളും ആസ്വദിക്കാനുള്ള സമയം...

എന്നെ ഞാനാക്കുന്ന ഏകാന്തതയെത്ര മനോഹരം! 


Monday, March 3, 2014

ഡിജിറ്റൽ പ്രണയം

എന്റെ പിസിക്കുള്ളിൽ ഞാൻ സേവ് ചെയ്തു
വച്ച ഡിജിറ്റൽ ഫോർമാറ്റാണ്  നീ...
എന്റെ "എഴുത്തു പെട്ടിയിൽ " അക്ഷരക്കൂട്ടു-
കളായ് ഞാനറിഞ്ഞ സ്വത്വമാണ്‌  നീ...
എന്റെ ദൂരഭാഷിണിയുടെ "അകപ്പെട്ടിയിൽ "
നിന്നും മായ്ച്ചു കളഞ്ഞ ചെറു സന്ദേശങ്ങളുടെ
ആത്മാവാണു നീ..
സ്വരത്തിലൂടെയും എഴുത്തിലൂടെയും മാത്രമറിഞ്ഞ
എന്റെ പ്രണയമാണ്  നീ...
എന്നിട്ടും ആ ഡിജിറ്റൽ പ്രണയം ക്രാഷ്
ചെയ്തപ്പോ എനിക്ക് വേദനിച്ചു.
എന്റെ ഹൃദയ ഡിസ്ക്കിൽ നിന്നും
മായ്ച്ചു കളയാനാവാത്ത ഓർമ്മയാണോ നീ?

വെറും പ്രണയം

പ്രിയനേ നീ മാഞ്ഞു പോകയെന്നോർമ്മകളിൽ നിന്നും...
പൂക്കാലം കഴിഞ്ഞുപോയ്‌ പ്രണയത്തിൻ; വരണ്ട
അരുവികൾ മാത്രമെങ്ങുമം...
പിരിയില്ലയെന്നു നിനച്ചില്ലയെങ്കിലും
ഒരുമിക്കാൻ പോലുമാകാത്തയിണക്കിളികൾ
നാമേതോ ജന്മത്തിലൊന്നായവർ... (അതു ശരിയോ?)
ദൂരങ്ങളേറുന്നു നാൾതോറും, പരസ്പരമറിഞ്ഞവരോ നാം?
അറിയില്ല; ലോകമുരുണ്ടതെങ്കിലും, പിരിയുന്നവർ
കണ്ടുമുട്ടുമെങ്കിലും, നമ്മളപവാദങ്ങൾ...
നിന്റെ പ്രണയം എന്റെയുള്ളിൽ കണ്ണുനീരായ്
പിടയില്ല , മുത്തുമാകില്ല ; കാരണം...
അത് വെറും പ്രണയമാണ് ...
വെറും  പ്രണയം ...

പ്രണയക്കളം

പ്രണയവർണ്ണങ്ങളായിരം...
ആയിരം വർണ്ണങ്ങളാൽ
ചമച്ച വർണ്ണക്കളത്തിൽ
ഏകാകിനിയായ് നിന്നെയും
കാത്തു ഞാനിരുന്നു.
കണ്ണീർച്ചാലുകളൊഴുകി വീണു
കുതിർന്നു കളം മായവേ,
പ്രണയമേ നീയകന്നു പോയ്‌ .


Saturday, March 24, 2012

വേനല്‍

കൊടിയ വേനല്‍ ആണിവിടെ;
കരിഞ്ഞുണങ്ങിയ ചെടികള്‍,
കരിഞ്ഞ ചേതനകള്‍; വീശുന്നു കാറ്റ് ;
ചൂടാറാത്ത പകലുകളും വിങ്ങുന്ന രാത്രികളും
വേനലിന് സ്വന്തം.....
ദാഹിക്കും ഉയിരും ഒരിറ്റു വെള്ളത്തിനായ്‌ .
വലിച് ഊറ്റും സൂര്യന്‍ ഓരോ കണവും.

എങ്കിലും വേനല്‍ തരും മാമ്പഴക്കാലവും,
വേനല്‍ മഴയിലെ പുതു മണ്ണിന്‍ മണവും,
മുല്ലപ്പൂ മണവും, അവധിക്കാലങ്ങളും.....
എല്ലാം ഓര്‍മയില്‍ മാത്രം......
പുറത്തു വേനാലാണ്; കൊടും വേനല്‍...

Tuesday, June 21, 2011

മരുഭുമി

മരുഭുമിയാണ് ഇന്നെന്റെ ഹൃദയം
തളിരുകളില്ലാത്ത വരണ്ട മരുഭുമി .
വറ്റിപ്പോയുറവകള്‍, ചിരിതന്‍ കുളിര്‍
തണലുകള്‍, കരിഞ്ഞു പോയ്‌ .
അലയുന്നു ഞാന്‍ ലക്ഷ്യമില്ലാതെവിടെ
എന്‍ ലക്ഷ്യമെന്‍ കനവുകളെവിടെ?

Tuesday, August 31, 2010

iruttu

പ്രതീക്ഷയ്ക് അപ്പുറം ഇരുട്ടായിരുന്നു
ഭേതിക്കാനാവാത്ത ഇരുട്ട്
അവിടെ നടന്നതൊന്നും ആരും അറിഞ്ഞില്ല!